Saturday, January 06, 2007

കല്യാണം വിളി.!!!

അറിയിപ്പ് : ഈ കഥയ്ക്ക്ക്കോ കഥാപാത്രത്തിനോ ഔസേപ്പേട്ടനുമായി (കുഞ്ഞപ്പന്‍ എന്നു വിളിപ്പേര്‍) യാതൊരു ബന്ധവുമില്ല. അങ്ങിനെ സംഭവിച്ചിട്ടുണ്ടെങ്കില്‍ തന്നെ അതു മന:പ്പൂര്‍വം മാത്രമാണ്.

ഗുരുതിപ്പാടം ഭഗവതിയെ ആരാധിക്കുന്ന കുടുംബങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പറയകാട് ഗ്രാമത്തിന്, ഭഗവതി കനിഞ്ഞു നല്‍കിയ വരമായിരുന്നു ഔസേപ്പേട്ടനും കുടുംബവും. ആ വരദാനത്തിനു സമീപത്തായിരുന്നു എന്റെയും കുടുംബത്തിന്റെയും പൊറുതി. ‘മല്ലിക’ എന്നു പേരുള്ള ഒരു പച്ച പാവം നാട്ടിന്‍പുറത്തുകാരി അമ്മയും, ‘കുഞ്ഞപ്പന്‍ ‘ എന്നു നാട്ടുകാര്‍, വീട്ടുകാര്‍ , ബന്ധുക്കള്‍ എന്നി സത് ജനങ്ങള്‍ വിളിക്കുന്ന ഒരു പാവം അച്ഛനും, അനുജനും പിന്നെ ഈ ഞാനുമായിരുന്നു കുടുംബത്തിലെ സ്വത്തുക്കള്‍ .

മേല്‍പ്പറഞ്ഞ സ്വത്തുക്കളെല്ലാം കേടുകൂടാതെ, ഉടവുതട്ടാതെ പരിപാലിച്ചുപോന്നിരുന്ന കാലം. ദൈവത്തിന്റെ സ്വന്തം വീടായതുകൊണ്ട് വിരുന്നുക്കാര്‍ക്ക് തീരെ പഞ്ഞമുണ്ടായിരുന്നില്ല. ഉണ്ടെങ്കില്‍ത്തന്നെ, അത് സൂര്യനുദിക്കാത്ത ദിവസം മാത്രം. വരുന്ന വിരുന്നുകാരെ സ്വീകരിച്ച് സല്‍ക്കരിച്ച് സന്തോഷിപ്പിക്കുക എന്നതായിരുന്നു അമ്മയുടെ ജോലി. അതിനുള്ള പാ‍രിതോഷികം എന്നും കൃത്യമായി കിട്ടിപ്പോന്നിരുന്നു. നടുവേദന, കാല്‍വേദന എന്നിവ അതില്‍ ചിലതുമാത്രം.

ഒരു തിങ്കളാഴ്ചയെയും കൊണ്ടായിരുന്നു അന്ന് പ്രഭാതം പൊട്ടിവിടര്‍ന്നത്. പ്രവര്‍ത്തിദിവസമായിരുന്നതുകൊണ്ടായിരുന്നിരിക്കണം വിരുന്നുകാരുടെ ബാഹുല്ല്യത്തിനു അല്പം കുറവുണ്ടായിരുന്നു. അന്ന് ഓഫീസ് അവധിയില്ലാത്തതുകൊണ്ട് ലീവെടുത്ത് വീട്ടിലിരിക്കുകയായിരുന്നു ഞാന്‍ . പെട്ടെന്നാണ് കോളിങ്ങ്ബെല്ലിന്റെ ശബ്ധ്മം കേട്ടത്. അച്ഛ്ന്റെ ചാരുകസേരയില്‍ ഇരുന്നു ടി വി കാണുകയായിരുന്ന ഞാന്‍ വിളിച്ചുപറഞ്ഞു.

“ അമ്മേ........ ദേ....... ആരാണ്ടും വന്നേക്കണ്. ”
“പോയിത്തുറക്കടാ.... ജോലിക്കും പോകാതെ.....“, മറുപടി മുഴിവിക്കാന്‍ സമയം കൊടുക്കാതെ വാതില്‍ തുറന്നു കഴിഞ്ഞിരുന്നു ഞാന്‍.

‘ദാ നില്‍ക്കുന്നു ’ ഇന്നത്തെ വിരുന്നുകാരില്‍ ‘ഒന്നാമന്‍‘ അഥവാ ആദ്യത്തെയാള്‍ . ഞാന്‍ ചിരിച്ചു കാണിച്ചു.
“കുഞ്ഞപ്പന്‍ ചേട്ടന്റെ വീടല്ലേയിത് ?” എന്ന ചോദ്യമായിരുന്നു ചിരിക്കു പകരം തന്നത്.
“അതേ..!!!! പക്ഷേ ഇപ്പോള്‍ ഇവിടെയില്ലല്ലോ!

“എവിടെപ്പോയി???”
“അമ്മേ......... സ്വീകരണമുറിയുടെ കര്‍ട്ടന്‍ അല്പം മാറ്റി തല അകത്തേയ്ക്കിട്ട് നീട്ടി വിളിച്ചു. മറുപടിയുമായാണ് അമ്മ എത്തിയത് .
“ചേട്ടന്‍ എറണാകുളത്തു പോയി.”
ആഗതനെ കസേരയിലേക്കിരുത്തി. ഇപ്രാവശ്യം ആ മാന്യദേഹം ചിരിച്ചുക്കാണിച്ചു.

“എന്നെമനസ്സിലായില്ലെ ?? ബാബു, കടുങ്ങല്ലൂരിലെ,“
“പ്രിയയുടെ കല്യാണമാണു ഈ വരുന്ന പതിമൂന്നാം തിയതി.”
“ഏതാണാവോ ഈ ബാബു ?? ”അമ്മയുടെ ആത്മ്ഗതം ആ മുഖത്തെ പുഞ്ചിരിയില്‍ നിന്നും ഞാന്‍ വായിച്ചെടുത്തു. ഞാന്‍ അമ്മയുടെ മുഖത്തേയ്ക്ക് നോക്കി. എന്തോക്കെയോ ചോദിക്കാനുള്ള പരിപാടിയിലാണ്.
“സത്യത്തില്‍ എനിക്കങ്ങട് മനസ്സിലായില്ല!! ” മടിച്ചു മടിച്ചാണ് അമ്മ അതു പറഞ്ഞത്.
“ഞങ്ങള്‍ രണ്ടുവര്‍ഷത്തോളം ഒന്നിച്ചുണ്ടായിരുന്നു, അന്നുമുതലുള്ള ബന്ധമാ”. ഇതു അച്ഛ്ന്റെ പഴയകാല ചങ്ങാതി തന്നെ, ഞങ്ങള്‍ ഉറപ്പിച്ചു.
“ഇരിക്കൂട്ടോ ചായയെടുക്കാം.”
“വേണ്ട ത്രേസ്യേച്ചേ ഒരുപാടു സ്ഥലത്തൊക്കെ പോകേണ്ടതാ എല്ലാവടത്തുനിന്നു ചായകുടിച്ചാല്‍, വയറു പൊട്ടിപ്പോകും.
”ത്രേസ്യേച്ചിയാ‍ാ!!!!!!!!!!!!!! എന്നു പന്നു പറഞ്ഞതും അമ്മ പൊട്ടിച്ചിരിച്ചതും ഒപ്പമായിരുന്നു.ചിരിച്ചുന്തിയ കണ്ണൂകളുമായി ചിരി എന്നില്ലേയ്ക്ക് പകരുന്നതും അമ്പരപ്പോടെ നോക്കിനില്‍ക്കുകയായിരുന്നു നമ്മുടെ കക്ഷി.


ചുവരിലെ സ്പോട്ട് ലൈറ്റില്‍ വെണ്ണ തിന്നുകൊണ്ടിരുന്ന ഉണ്ണീകൃഷ്ണന്‍ കുരിശുവരക്കുന്നതു കണ്ടിട്ടാവണം ആഗതന്‍ ചാടിയെഴുന്നേറ്റു, ഒരടിമുന്നോട്ടു മാറി, ഒന്നു വട്ടം കറങ്ങി, ചുവരിലെ ചിത്രങ്ങള്‍ക്കൊന്നും യേശുകൃസ്തുവിന്റെയോ അന്തോണീസ് പുണ്യാളന്റെയോ ഛായയില്ലാത്തത് അദ്ദേഹത്തെ കൂടുതല്‍ അമ്പരിപ്പിച്ചു. കര്‍ട്ടന്‍ വകഞ്ഞ് മാറ്റിയിട്ട് അമ്മ എന്നെ നോക്കി കണ്ണുകൊണ്ട് എന്തോ മുദ്രകാണിച്ചു, ശാ‍സ്ത്രീയനൃത്തം വശമില്ലാത്തതുകൊണ്ടാവാം എനിക്കത് തീരെ മനസ്സിലായില്ല.

ഒടുവില്‍ അമ്മ പറഞ്ഞു: “നിങ്ങള്‍ക്ക് വീടുമാറിപ്പോയെന്നു തോന്നുന്നു ...!! നിങ്ങള്‍ ഉദ്ദേശിക്കുന്ന കുഞ്ഞപ്പന്‍ രണ്ടുവീടിനപ്പുറമാണ് “

മറുപടി ഒരു സൊമാലിയന്‍ ചിരിയില്‍ ഒതുക്കിയിട്ട് ആയാള്‍ പടിയിറങ്ങി, മതില്‍കെട്ടും കഴിഞ്ഞ് ഒഴുകിപ്പോകുന്ന ആ മനുഷ്യനെ നോക്കിനില്‍ക്കുകയായിരുന്നു ഞങ്ങള്‍. ഔസേപ്പേട്ടന്റെ വീടിനുമുന്നിലെത്തിയ അയാള്‍ അല്പ്നേരം എന്തോ ആലോചിച്ച് നിന്നു. ഉദ്യമം വേണ്ടെന്നു വെച്ചിട്ടാണെന്നു തോന്നുന്നു വന്നതിലും വേഗത്തില്‍ നടന്നകന്നു. എന്റെ മുഖത്തേയ്ക്ക് നോക്കിയിട്ട് ഒന്നും മിണ്ടാതെ അമ്മ അടുക്കളയിലേക്ക്പോയി.

ഒരു പേരിലെന്തിരിക്കുന്നു എന്നല്ല, ഒരു പേരിലാണ് കാര്യമിരിക്കുന്നത് എന്ന് അന്നെനിക്കു മനസ്സിലായി.

Tuesday, December 19, 2006

ഞാനും ബ്ലോഗും പിന്നെ ഞാനും.

തന്റെ മകനെ ഒരു ബിരുദനാക്കണമെന്ന അച്ഛന്റെ ആഗ്രഹമാണ് എന്നെ വീണ്ടും കോളേജിലെത്തിച്ചത്! കാമ്പസ്സിനെ കീഴ്‌മേല്‍ മറിക്കുന്ന, സുന്ദരിമാരുടെ ഉറക്കം കെടുത്തുന്ന
ഒരുത്തനായിരുന്നു ഞാന്‍ എന്നു പറഞ്ഞാല്‍ ..ഇതു വായിക്കുന്ന എന്റെ കൂട്ടുകാര്‍ ഓട്ടോ വിളിച്ച് വരും, ബാംഗ്ലൂരിലേക്ക്, എന്നെ തല്ലാന്‍ !! അതുകൊണ്ടുതന്നെ കാമ്പസ്സിന്റെ
ഏതെങ്കിലും ഒരു കോണില്‍ വിരലിലെണ്ണാവുന്ന സദസ്യരെ മാത്രം മനൊരഞ്ജിപ്പിക്കുന്ന ഒരുത്തനായിരുന്നു എന്നു പറയുന്നതാവും ഉത്തമം (തല്ലും ഒഴിവാക്കാം!).

സാമാന്യം തരക്കേടില്ലാത്ത അപകര്‍ഷതാബോധം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന കാലമായതു കൊണ്ട്, കല, രാഷ്ട്രീയം ഇതിലൊന്നും അങ്ങോട്ട് ശോഭിക്കാന്‍ കഴിഞ്ഞില്ല എന്നു
വേണം പറയാന്‍ ! പിന്നെ ഒരു ബുദ്ധിജീവിയായിരുന്നെന്നു കരുതിയോ? തെറ്റി! ഒരു ജീവി മാത്രമായിരുന്നു.. അവിടത്തെ വര്‍‌ണ്ണശബളമായിട്ടുള്ള പല ആഘോഷങ്ങളിലും ഒരു
നിശ്ശബ്ദ സാന്നിദ്ധ്യമായിരുന്നു ഞാന്‍ ! ക്ലാസ്സില്‍ ഒരു ഈച്ചയ്ക്ക് പോലും ശല്യമുണ്ടാകാത്ത സ്ഥലത്തായിരുന്നു, ഞാന്‍ എന്നെ പ്രതിഷ്ഠിച്ചത്.

എനിക്കിഷ്ടമല്ലാത്ത അദ്ധ്യാപകര്‍ക്കും, എന്നെ ഇഷ്ടമല്ലാത്ത അദ്ധ്യാപകര്‍ക്കുമായി എന്റെ ഇരിപ്പിടം ഞാന്‍ ഒഴിച്ചിടുമായിരുന്നു.. പഠിക്കാന്‍ തെരെഞ്ഞെടുത്ത വിഷയത്തില്‍ പോലും
അത് പ്രതിഫലിച്ചു! ഒരു രസത്തിനു തന്ത്രം പഠിക്കാനൊന്നുമല്ല രസതന്ത്രം വിഷയമായെടുത്തത്... പകരം മോങ്ങാനിരുന്ന എന്റെ തലയിലേക്ക് വന്നു വീഴുകയായിരുന്നു അത് !

പ്രീഡിഗ്രിക്ക് പഠിച്ച അതേ കോളേജില്‍ തന്നെയാണ് ഡിഗ്രിയ്ക്ക് പഠിക്കാന്‍ പോകുന്നതെന്ന്‍ അറിഞ്ഞപ്പോള്‍ മനസ്സില്‍ ഒരു പ്രാര്‍ത്ഥനയേ ഉണ്ടായിരുന്നുള്ളൂ. “ആ പഴയ ഇരുണ്ട യുഗം
ആവര്‍ത്തിക്കരുതേ എന്ന് !!” ഒന്ന് ഓര്‍ക്കാന്‍ കൂടി ഇഷ്ടപ്പെടാത്ത ആ പഴയ യുഗം..!!

“ഇരുണ്ട യുഗം” എന്നുപറയുബോള്‍ യാതനകളുടെയും ദുരിതങ്ങളുടെയും കാലം എന്നു തെറ്റി ധരിക്കുന്നുണ്ടെങ്കില്‍ അതിനു ഞാന്‍ മാപ്പുചോദിക്കേണ്ടിവരും. വിരലില്ലാത്തവര്‍ക്കു പോലും എണ്ണാവുന്നത്ര കൂട്ടുകാരെ എനിക്കുണ്ടായിരുന്നുള്ളു, പെണ്‍കൂട്ടികളോട് പൊതുവെ സംസാരിക്കാറേയില്ല. മറ്റുള്ളവര്‍ ക്ലാസ് കട്ട് ചെയ്ത് സിനിമയ്ക്ക പോകുമ്പോള്‍ ,ഞാന്‍ മാത്രം
വീട്ടിലേയ്ക്കു പോകും, അങ്ങിനെ വിചിത്രസംഭവങ്ങള്‍ നിറഞ്ഞതായിരുന്നു പ്രീഡിഗ്രീ കാലം.

ഡിഗ്രീ പഠനക്കാലം വര്‍ണ്ണാഭമായിരുന്നു. മേല്‍പ്പറഞ്ഞതിനൊക്കെ ഒരു പകവീട്ടലെന്നോണമായിരുന്നു അത് . “അങ്ങിട് അര്‍മാദിച്ചു”. ഡിഗ്രീ കഴിഞ്ഞ് കമ്പ്യുട്ടര്‍ ഡിപ്ലോമയും പിന്നിട്ടതും , ആദ്യത്തെ ജോലികിട്ടിയതും എല്ലാം നല്ല അനുഭവങ്ങളായിരുന്നു .
ജനിച്ചനാടുവിട്ട് എങ്ങും പോവില്ലെന്ന് ശഠിച്ച എനിക്ക് കട്ടപ്പനയ്ക്ക് പോകേണ്ടിവന്നു . “അതുകൊണ്ടും അരിശം തീരാഞ്ഞ് “ ജീവിതം എന്നെ ബാഗ്ലുരിലെത്തിച്ചു.

പുതിയ പോസ്റ്റ് എഴുതുന്നതിനുമുമ്പേ എന്നെക്കുറിച്ച് എന്തെങ്കിലുമൊന്നു കുറിക്കണമെന്നേയുണ്ടായിരുന്നുള്ളു. എഴുതിത്തുടങ്ങിയപ്പോള്‍ “ബ്രേയ്ക്ക്പോയ ബസ്സ് പോലെയാ‍യി,
നിര്‍ത്താനും പറ്റുന്നില്ല് ,ഓടി രക്ഷപ്പെടാനും വയ്യ !!!” നര്‍മ്മബോധമുള്ള കൂട്ടുകാരുടെയും നാട്ടുകാരുടെയും ഇടയില്‍ നടന്ന ചില രസകരമായ സംഭവങ്ങള്‍ നിങ്ങളിലേക്ക് എത്തിക്കുക എന്നതുമാത്രമേ ഈ സാഹസത്തിനു പിന്നിലുള്ളൂ. ജീവിതത്തില്‍ ഒരു ഡയറിക്കുറിപ്പുപോലും എഴുതിയിട്ടില്ലാത്ത ഈയുള്ളവന് അതു സാദ്ധ്യമാകുമെന്നുള്ള പ്രതീക്ഷയോടെ.............................................................. സ്വന്തം ഞാന്‍

Wednesday, September 20, 2006


അസ്തമയസൂര്യന്റെ, ഊര്‍ജ്ജമുള്‍ക്കൊണ്ടുകൊണ്ട് വിശാലമായ ഈ ബൂലോഗത്തിലേക്ക് പ്രവേശിക്കട്ടെ.............................................അനുഗ്രഹിച്ചാലും.........